അയോദ്ധ്യ: എയർ ഇന്ത്യ വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. ജയ്പൂരിൽ നിന്നും അയോദ്ധ്യയിലേക്ക് പറന്ന വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ വിമാനം അയോദ്ധ്യ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതായി അധികൃതർ അറിയിച്ചു.
ബോയിംഗ് 737 മാക്‌സ്8 വിമാനത്തിന് നേരെയാണ് ഫോൺ കോൾ വഴി ഭീഷണി സന്ദേശം എത്തിയത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും അൽപ സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. ജയ്പൂർ വിമാനത്താവളത്തിൽ നിന്നും 12.25 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്‌ക്ക് 2 മണിയോടെ വിമാനം അയോദ്ധ്യ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
യാത്രക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും പൊലീസും വിമാനം പരിശോധിച്ചു വരികയാണെന്നും നിലവിൽ സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്തിയില്ലെന്നും അയോദ്ധ്യ വിമാനത്താവള ഡയറക്ടർ വിനോദ് കുമാർ പറഞ്ഞു. ഇടയ്‌ക്കിടെ ഉയർന്നു വരുന്ന ബോംബ് ഭീഷണികൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് അടുത്ത ഭീഷണിയെത്തുന്നത്. വിമാനത്തിൽ സ്‌ഫോടക വസ്തുക്കളും ഭീകരന്മാരും ഉണ്ടെന്നും വിമാനം ഹൈജാക്ക് ചെയ്യുമെന്നുമായിരുന്നു സന്ദേശം. ഇതിന് പിന്നാലെ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കിയിരുന്നു.