ന്യൂഡൽഹി: എയർ ഇന്ത്യയുടേത് ഉൾപ്പെടെ 5 വിമാനങ്ങൾക്ക് ഓൺലൈൻ ബോംബ് ഭീഷണി. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിനെത്തുടർന്ന് വഴിതിരിച്ചുവിട്ട എയർ ഇന്ത്യയുടെ ഡൽഹി-ചിക്കാഗോ വിമാനം കാനഡയിലെ ഇക്വലൂറ്റ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സന്ദേശങ്ങൾ പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി.
ജയ്‌പൂരിൽ നിന്ന് അയോദ്ധ്യവഴി ബെംഗളൂരുവിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം, ദർഭംഗയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം, സിലിഗുരിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ആകാശ എയർലൈൻസ്, എയർ ഇന്ത്യയുടെ ഡൽഹി-ചിക്കാഗോ വിമാനം, ദമാമിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇൻഡിഗോ വിമാനം എന്നിവയ്‌ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
കഴിഞ്ഞദിവസവും എയർ ഇന്ത്യ വിമാനത്തിന് ഭീകരരുടേതെന്ന് സംശയിക്കുന്ന ഓൺലൈൻ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ വിമാനത്താവളങ്ങളിൽ പ്രത്യേക ഭീകര വിരുദ്ധ പരിശീലനങ്ങൾ നടത്തി. ഈ ഭീഷണികൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസികളുടെയും പൊലീസിന്റെയും സഹായം തേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















