മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ധിഖ് കൊല്ലപ്പെട്ടതോടെ ലോറൻസ് ബിഷ്‌ണോയി സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇതിനിടെ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ബിഷ്‌ണോയ് സമുദായത്തെ കുറിച്ച് പരാമർശിച്ച ഒരു വീഡിയോയയാണ് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നത്.
” ഞങ്ങളുടെ നാട്ടിൽ എല്ലാ വീടുകളിലും കുട്ടികൾക്ക് പശുവിൻ പാലാണ് കുടിക്കാൻ കൊടുക്കുന്നത്. എന്റെ വീട്ടിലും അങ്ങനെ തന്നെ. പശുക്കളെയും കൃഷ്ണ മൃഗങ്ങളെയും സ്വന്തം മക്കളെ പോലെ കണക്കാക്കുന്ന ഒരു സമുദായമേയുള്ളൂ.. ബിഷ്‌ണോയ് സമുദായം!
തള്ള മാൻ ചത്താൽ കിടാവിനെ ബിഷ്‌ണോയ് സമുദായത്തിലെ സ്ത്രീകൾ സ്വന്തം കുട്ടികളെ പോലെ നോക്കും. അവയെ മടിയിലിരുത്തി പാല് കൊടുക്കും. ലോകത്തെവിടെയും നിങ്ങൾക്ക് ഇത്തരം സ്‌നേഹം കാണാൻ സാധിക്കില്ല.”- വിവേക് ഒബ്‌റോയ് പറഞ്ഞു.
കഴിഞ്ഞ വർഷം ദുബായിലെ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരാമർശം. ബാബാ സിദ്ധിഖിന്റെ കൊലപാതകത്തോടെ നടൻ സൽമാൻ ഖാന് സുരക്ഷ ശക്തമാക്കുമ്പോൾ ഒബ്‌റോയിയുടെ വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്.
Vivek Oberoi praising Bishnoi 🤯
Ab Savlon bhai ka kya hoga 🤧 pic.twitter.com/rjQJAUgCm2
— Sunanda Roy 👑 (@SaffronSunanda) October 14, 2024
1998ൽ രാജസ്ഥാനിൽ ”ഹം സാത്ത്-സാത്ത് ഹേ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ ഉൾപ്പടെയുള്ള സംഘം കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഇതോടെയാണ് സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്‌ണോയ് സംഘം തിരിഞ്ഞത്. താരത്തെ കൊല്ലുമെന്ന് നിരവധി തവണ ഭീഷണി മുഴക്കി. സൽമാൻ ഖാനുമായി അടുത്ത ബന്ധം സൂക്ഷിച്ചതിന്റെ വൈരാഗ്യത്തിലാണ് ബാബാ സിദ്ധിഖിനെ ലോറൻസ് സംഘം കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.