വനിത ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ ക്യാപ്റ്റൻ മിതാലി രാജ്. പിടിഐയോട് സംസാരിക്കുമ്പോഴാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. മൂന്നുവർഷമായി ഇന്ത്യൻ ടീം ഒരു വിഭാഗത്തിലും വളർന്നിട്ടില്ലെന്നാണ് മിതാലി രാജ് തുറന്നടിച്ചത്. ടീമിന്റെ ഐസിസി കിരീടങ്ങളുടെ വറുതി ക്യാപ്റ്റന്റെ കസേരയിളക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് മിതാലി രാജ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇ സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്തതും. ബാറ്റിംഗ് റോളുകളിലെ വ്യക്ത കുറവും ശരാശരിക്കും താഴെയുള്ള ഫീൾഡിംഗ് പ്രകടനവും പരീക്ഷിക്കപ്പെടാത്ത ബെഞ്ച് സ്ട്രെംഗ്തുമാണ് ഇന്ത്യയുടെ പുറത്താകലിന് വഴിവച്ചതെന്നാണ് മുൻ താരത്തിന്റെ അഭിപ്രായം. താരങ്ങളുടെ ശാരീരിക ക്ഷമതയും അവർ ചോദ്യം ചെയ്യുന്നുണ്ട്.
“ഓസ്ട്രേലിയക്കെതിരെ ജയിക്കേണ്ട മത്സരമായിരുന്നു. അതിന് അവസരങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ സമീപനം അതേ വാർപ്പ് മാതൃകയിലായിരുന്നു. മത്സരം ആഴത്തിലേക്ക് കൊണ്ടുപോവുകയും പിന്നെ സാധാരണപോലെ തോൽക്കുകയുമായിരുന്നു. അത് ഒരിക്കലും നല്ലതല്ല.
കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ഈ ടീമിൽ ഒരു വളർച്ചയും ഞാൻ കണ്ടിട്ടില്ല. ഒരു വലിയ ടീമിനെ തോൽപ്പിക്കാനാണ് നിങ്ങൾ മുന്നൊരുക്കം നടത്തേണ്ടത്. എന്നാൽ ചെറിയ ടീമിനെ തോൽപ്പിച്ചാൽ മതി, അതിൽ തൃപ്തരാണെന്നുമുള്ള മനോഭാവമാണിപ്പോഴും. പരിമിതിയിൽ നിന്നുകൊണ്ട് പല ടീമുകളും വലിയ പ്രകടനം കാഴ്ചവച്ചു. ഒരു ഉദാഹരണം ദക്ഷിണാഫ്രിക്കയാണ്. നമുക്ക് അതുമില്ല.
ക്യാപ്റ്റന്റെ കാര്യത്തിൽ സെലക്ടർമാർ മാറ്റം ആഗ്രഹിച്ചാൽ ഞാൻ ഒരു യുവ ക്യാപ്റ്റനെ നിർദേശിക്കും. ഇതാണ് മാറ്റത്തിനുള്ള സമയം. നിങ്ങൾ കൂടുതൽ വൈകിയാൽ, മറ്റൊരു ലോകകപ്പ് വരാനുണ്ട്. നിങ്ങൾ ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ, പിന്നീട് ചെയ്യരുത്. പിന്നെ ലോകകപ്പിന് വളരെ അടുത്താകും”—-മിതാലി പറഞ്ഞു.