പഴങ്ങൾ ശരീരത്തിന് നൽകുന്ന ഗുണത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കോശങ്ങളുടെ വളർച്ചയ്‌ക്കും ദിവസം മുഴുവൻ ഉന്മേഷം നൽകാനും പഴങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യത്തിന് പുറമേ ചർമ സംരക്ഷണത്തിനും സഹായിക്കുന്ന പഴമാണ് പപ്പായ. ഉയർന്ന അളവിലെ നാരുകളും കുറഞ്ഞ ഗ്ലൈസമിക് സൂചികയുമുള്ള പപ്പായ നിരവധി ഗുണങ്ങളാണ് നൽകുന്നത്.
‘പപ്പൈൻ’ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ‘ലൈക്കോപീൻ’ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിനെ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളമുണ്ട്. അതിനാൽ ഇത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു. ഉയർന്ന നാരുകൾ ഉള്ളതിനാൽ പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിലനിർത്താൻ സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പപ്പായ സഹായിക്കുന്നു. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. അവയിൽ ചിലത് ഇതാ..
സിട്രസ് പഴങ്ങൾ
ഫ്രൂട്ട് സലാഡിലുണ്ടാക്കുമ്പോൾ എല്ലാ പഴങ്ങളും ചേർക്കുന്ന പതിവുണ്ട്. എന്നാൽ സിട്രസ് പഴങ്ങൾ പപ്പായയ്‌ക്കൊപ്പം കഴിക്കരുത്. ഇവ രണ്ടും വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. രണ്ടും ഒന്നിച്ച് കഴിക്കുന്നത് കൊണ്ട് അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ
മത്സ്യം, മാംസം തുടങ്ങി പ്രോട്ടീൻ സമ്പന്നമായ ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കരുത്. പപ്പായയിലെ ചില എൻസൈമുകൾ പ്രോട്ടീൻ ആഗിരണം ചെയ്യുന്നതിനെ തടയുന്നു. അതുവഴി ദഹന പ്രക്രിയെയും തടസപ്പെടുത്തുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങൾ
പ്രോബയോട്ടിക്സ് അടങ്ങിയ ആഹാരങ്ങളാണിവ. പപ്പായയ്‌ക്കൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
പാലും പാലുത്പന്നങ്ങളും
പപ്പായ ഷേക്കും സ്മൂത്തിയുമൊക്കെ കുടിക്കുന്നവരാണ് മിക്കവരും. എന്നാൽ പാലും പാലുത്പന്നങ്ങളും പപ്പായയ്‌ക്കൊപ്പം കഴിക്കുന്നത് നല്ലതല്ലെന്നാണ് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന എൻസൈമുകൾ തന്നെയാണ് ഇവിടെയും വില്ലൻ. വയർ വീക്കം, ഗ്യാസ്ട്രബിൾ, വയറുവേദന എന്നിവയ്‌ക്കും ദഹന പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
എരിവുള്ള ഭക്ഷണങ്ങൾ
വയറ്റിലെ ആവരണത്തെ പ്രകോപിക്കുന്നവയാണ് എരിവുള്ള ആഹാരങ്ങൾ. ഇവയ്‌ക്കൊപ്പം പപ്പായ കഴിക്കുന്നത് ദഹനത്തിന് തടസമുണ്ടാക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വയറുവേദന, നെഞ്ചിരിച്ചിൽ എന്നിവയ്‌ക്കും കുടലിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ
വറുത്ത വിഭവങ്ങൾ, കൊഴുപ്പുള്ള മാംസം, ക്രീം പോലുള്ള കൊഴുപ്പേറിയ ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ വരുത്തിവയ്‌ക്കും. വയറിളക്കത്തിനും ദഹനക്കേടിനും ഇത് കാരണമാകും.















