നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയായിരുന്നു കാവൽ. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പ്രദർശനത്തിയ ചിത്രം നിർമ്മിച്ചത് ഗുഡ്‌വിൽ എൻറ്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. സുരേഷ് ഗോപിയുടെ താരസിംഹാസനത്തിന് ഇളക്കം തട്ടിയിട്ടില്ല എന്ന് തെളിയിച്ച സിനിമ. ഇപ്പോഴിതാ, തന്റെ സിനിമകളിൽ ഏറ്റവും വലിയ വിജയവും ലാഭവും സമ്മാനിച്ച സിനിമകളിൽ ഒന്നാണ് കാവൽ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്.
“കാവൽ നൽകിയ ലാഭം വളരെ വലുതായിരുന്നു. ഭയങ്കര ലാഭം ആയിരുന്നു. നെറ്റ്ഫ്ലിക്സിന് കൊടുത്തത് തന്നെ നല്ല വിലയ്‌ക്കാണ്. അതിലും കൂടുതൽ പൈസ കിട്ടിയേനെ. നെറ്റ്ഫ്ലിക്സ് പ്രീമിയർ ചോദിച്ചു. അവർ എനിക്ക് ഓഫർ വച്ചത് 21 കോടിയാണ്. നമ്മൾ ഒരു സമൂഹജീവി അല്ലേ. ഞാൻ മാത്രം ഉണ്ടാൽ പോരല്ലോ. തീയേറ്ററുകാരും വേണം. അതുകൊണ്ട് തീയറ്ററിൽ വന്നശേഷം തരാമെന്ന് ഞാൻ പറഞ്ഞു”.
“സുരേഷേട്ടനുമായി പടം ചെയ്തു കഴിഞ്ഞു. നല്ല ബന്ധമാണ് അദ്ദേഹവുമായി. ഞങ്ങൾ എപ്പോഴും സംസാരിക്കാറുണ്ട്. ചേട്ടൻ കൊച്ചുകുട്ടിയെ പോലെയാണ്. ചിലപ്പോൾ പിണങ്ങും, കൂട്ടുവെട്ടും. അദ്ദേഹം അങ്ങനെ ഒരു ക്യാരക്ടർ ആണ്. വേറെ ഒരു രീതിയാണ്”-ജോബി ജോർജ് പറഞ്ഞു.















