ചെന്നൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രിയങ്ക അനുയോജ്യയല്ലെന്ന് കേശവൻ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിൽ പ്രിയങ്ക അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ” വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് പ്രിയങ്കയെ തെരഞ്ഞെടുത്തത് ഉചിതമായി തോന്നുന്നില്ല. പ്രിയങ്കയ്‌ക്ക് മലയാളം അറിയാത്തത് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് തടസമാകും. ജനങ്ങളുമായി ആശയവിനിയം നടത്തുന്നതിനായി അവർക്ക് എപ്പോഴും ഒരു വിവർത്തകനെ ആവശ്യമായിരിക്കും.”- സി ആർ കേശവൻ പറഞ്ഞു.
വയനാട്ടുകാർക്ക് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി കൂടെ നിൽക്കുന്ന എംപിയെയാണ് ആവശ്യം. എന്നാൽ പ്രിയങ്കയെ തെരഞ്ഞടുത്താൽ ജനങ്ങൾക്ക് അവരുടെ വേദനകൾ അറിയിക്കാൻ സാധിക്കില്ല. എപ്പോഴും കൂടെ ഭാഷാ വിവർത്തകൻ ആവശ്യമായി വരും. വർഷത്തിൽ ഏതെങ്കിലും ഒരു ദിവസം പ്രസംഗം നടത്താനായി വന്നുപോകുന്ന എംപിയായിരിക്കും അവരെന്നും കേശവൻ വ്യക്തമാക്കി.
വയനാട്ടിലെ ജനങ്ങൾ ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യം അവരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്ന എംപിയെയാണ്. വർഷത്തിൽ ഒരിക്കൽ വയനാട്ടിലേക്ക് വരുന്നവരെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. വയനാട്ടുകാർക്ക് എന്താണാവശ്യമെന്ന് അവർ തന്നെ ആലോചിക്കണമെന്നും സി ആർ കേശവൻ വ്യക്തമാക്കി.
നവംബർ 13-നാണ് പാലക്കാട്, വയനാട്, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്. നവബംർ 23ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് മണ്ഡലത്തേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.