ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്. ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന. ഒരാഴ്ചയായി ബെഡ് റെസ്റ്റിലായ താരം സുഖം പ്രാപിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഓക്ടോബർ അഞ്ചിന് രാവിലെയായിരുന്നു അപകടം. ബെൽറ്റ് ധരിക്കാതെ 80 കിലോ ഭാരം ഉയർത്തുന്നതിനിടെ നടുവിലെ ഞരമ്പ് വലിയുകയോ പേശികൾക്ക് പരിക്കേൽക്കുകയോ ആയിരുന്നു.
എന്നാൽ വ്യായാമം നിർത്താൻ തയാറാകാതിരുന്നതോടെ നടിയുടെ പരിക്കും ഗുരുതരമായി. ഇതോടെ മെഡിക്കൽ വിദഗ്ധർ നടിക്ക് വിശ്രമം നിർദേശിക്കുകയായിരുന്നു. ദേ ദേ പ്യാർ ദേ 2 എന്ന ചിത്രത്തിലാണ് രാകുൽ പ്രീത് സിംഗ് നിലവിൽ അഭിനയിക്കുന്നത്. പരിക്കുമായി താരം സെറ്റിലെത്തിയെന്നും രണ്ടു ദിവസം ഷൂട്ടിംഗ് തുടർന്നുമെന്നാണ് വിവരം.
മൂന്നാം ദിവസം ഫിസിയോയെ കൺസൾട്ട് ചെയ്തെങ്കിലും മൂന്നു മണിക്കൂറിന് ശേഷം വേദന കൂടി. ജന്മദിന പാർട്ടിക്ക് മുമ്പേ നടിയുയുടെ നില വഷളാവുകയായിരുന്നു. L4 L5 S1 നെർവുകൾ ഞെരുങ്ങിവലിഞ്ഞ് ക്ഷതമേൽക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിപി ലെവൽ താഴ്ന്ന് നടി അവശയായി. ഇതോടെ ഡോക്ടർമാർ വിശ്രമത്തിന് നിർദേശിച്ചു. അതേസമയം താൻ ആറുദിവസമായി കിടപ്പിലാണെന്നും ഉടനെ തിരിച്ചുവരുമെന്നും നടി ഒരു വീഡിയോ പങ്കിട്ടുണ്ട്.















