പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (ഫെറ്റോ). വ്യക്തിവിരോധത്തിന്റെ പേരിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെ പൊതുസമൂഹത്തിന്റെ മുന്നിൽ അപകീർത്തിപ്പെടുത്താണ് ദിവ്യ ശ്രമിച്ചതെന്ന് ഫെറ്റോ പറഞ്ഞു. നവീൻ ബാബുവിന്റെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ച ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സംഘാടകർ ആരോപിച്ചു.
മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ ക്രൂര കൃത്യം നടന്നത് മുഖ്യമന്ത്രിയുടെ നാട്ടിലാണെന്നത് ലജ്ജാകരമാണ്. ഇടത് സംഘടനാ പ്രവർത്തകൻ മരണപ്പെട്ട സംഭവത്തിൽ പോലും ഒരേസമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരിക്കൊപ്പവും നിന്ന് ജീവനക്കാരെ കബളിപ്പിക്കാൻ ശ്രമിക്കുന്ന എൻ. ജി. ഒ.യൂണിയൻ നിലപാട് അപഹാസ്യമാണെന്നും ഫെറ്റോ തുറന്നടിച്ചു.
ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ ജ്വാല നടന്നു. കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം. രാജേഷ് എൻ. ജി. ഒ. സംഘ് സംസ്ഥാന വനിതാ കൺവീനർ പി. സി.സിന്ധുമോൾ, സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ, ജില്ലാ ട്രഷറർ പി. ആർ. രമേശ് എൻ. റ്റി. യു. സംസ്ഥാന കമ്മിറ്റി മെമ്പർ ഡി. മനോജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഭൂത് നാരായണൻ, ചന്ദ്രിക ടീച്ചർ എന്നിവർ പ്രസംഗിച്ചു.















