ന്യൂയോർക്ക്: ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഗുരുതര കണ്ടെത്തലുകൾ. ആളുകളുടെ നഗ്നചിത്രങ്ങൾ സൃഷ്ടിക്കാൻ ചാറ്റ് ബോട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇത്തരത്തിൽ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്യുന്നത്. യഥാർത്ഥ ആളുകളുടെ ചിത്രങ്ങളിൽ ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ടുതന്നെ ഡീപ് ഫേക്കുകൾ സൃഷ്ടിക്കാൻ സാധിക്കും.
‘വയർഡ്’ മാഗസീൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ഓരോ മാസവും 4 ദശലക്ഷം ഉപയോക്താക്കളാണ് ഡീപ്ഫേക്കുകൾ സൃഷ്ടിക്കാൻ AI ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത്. കൗമാര പ്രായക്കാരായ പെൺകുട്ടികളാണ് ഇത്തരം ഡീപ് ഫേക്കുകൾക്ക് ഇരയാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചാറ്റ് ബോട്ടുകളിലൂടെ ജനറേറ്റ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിലിംഗ്, ലൈംഗിക അതിക്രമം ഉൾപ്പെടയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കെതിരെ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ യുഎസിൽ നടന്ന ഒരു സർവേയിൽ 40 ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ ഡീപ് ഫേക്കുകൾ സ്കൂളിൽ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി പറയുന്നു. വിവർത്തനങ്ങൾക്കും അലർട്ടുകൾക്കും പേരുകേട്ട ടെലഗ്രാമുകൾ ഇപ്പോൾ ഇത്തരം AI ചാറ്റ്ബോട്ടുകളുടെ കേന്ദ്രമാണ്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിക്കാൻ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ടെലഗ്രാം സിഇഒ പവൽ ഡുറോവ് ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു. എന്നാൽ ചാറ്റ്ബോട്ടുകളുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.















