പല വിമാന സർവീസുകളും മണിക്കൂറുകൾ നീണ്ട ദൈർഘ്യമേറിയ യാത്രകളാണ്. എന്നാൽ കയറിക്കഴിഞ്ഞാൽ ഒന്നരമിനിറ്റിൽ യാത്ര അവസാനിക്കുന്ന ഒരു വിമാന സർവീസുണ്ട്. എയർലൈൻ ബ്രിട്ടീഷ് എയർവേയ്‌സിന്റെ കീഴിലുള്ള ലോഗനെയറിന്റെ വിമാനമാണ് ഈ ഹ്രസ്വ ദൂര സർവീസ് നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിമാന സർവീസാണിത്.
ഈ ഹ്രസ്വ ദൂര വിമാനം വെസ്റ്റ്‌റേയിലെ ഓർക്ക്‌നി ദ്വീപുകളെയും സ്കോട്ട്‌ലൻഡിലെ പാപ്പാ വെസ്റ്റ്‌റേയെയും തമ്മിൽ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നടത്തുന്നത്. ചിലപ്പോൾ ഇവയ്‌ക്കിടയിലുള്ള പറക്കലിന് ഒരു മിനിറ്റ് സമയം പോലും വേണ്ടി വരാറില്ല. ഒരു ന്യൂഡിൽസ് തയാറാക്കുന്നതിനേക്കാൾ വേഗത്തിൽ വിമാനം ദ്വീപുകളിൽ പറന്നിറങ്ങും. പൈലറ്റ് സ്റ്റുവർട്ട് ലിങ്ക്‌ലേറ്റർ നേടിയ 53 സെക്കന്റാണ് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ഫ്ലൈറ്റ് റെക്കോർഡ്.
1967 ലാണ് ഈ വിമാന സർവീസുകൾ ആരംഭിച്ചത്. ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും വിമാനം ഇരു ദ്വീപികളുലേക്കും സർവീസ് നടത്തും. കണക്കുകൾ അനുസരിച്ച് പൈലറ്റ് സ്റ്റുവർട്ട് ലിങ്ക്‌ലേറ്റർ 12,000-ലധികം തവണ ഈ റൂട്ടിൽ സർവീസ് നടത്തിയിട്ടുണ്ട്. 2013 ൽ വിരമിച്ചെങ്കിലും സ്റ്റുവർട്ടിന്റെ റെക്കോർഡ് തകർക്കാൻ മറ്റൊരു പൈലറ്റിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറ്റവും വേഗതയേറിയ ഫ്ലൈറ്റ് സമയത്തിനുള്ള റെക്കോർഡും അദ്ദേഹത്തിന്റെ പേരിൽ തന്നെ.
ഏകദേശം 2.7 കിലോമീറ്റർ ദൂരം മാത്രമാണ് വിമാനം സഞ്ചരിക്കുന്നത്. ബ്രിട്ടൻ-നോർമൻ ബിഎൻ2ബി-26 ഐലൻഡർ വിമാനമാണ് സർവീസുകൾക്കായി ഉപയോഗിച്ചുവരുന്നത്. വിമാനം ചെറുതായതിനാൽ 10 യാത്രക്കാർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുക. മുൻ നിരയിൽ ഇരിക്കുന്നവർക്ക് പൈലറ്റ് വിമാനം പറത്തുന്നത് കാണാൻ കഴിയും. കേവലം 70 പേർ മാത്രമേയുള്ളുവെങ്കിലും പാപ്പാ വെസ്റ്റ്‌റേയിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കൂടിയാണ് ഈ വിമാന സർവീസ്. ഒരു മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ഈ വിമാനയാത്ര വിനോദ സഞ്ചാരികൾക്കിടയിലും പ്രശസ്തി നേടിയിട്ടുണ്ട്.















