ഇസ്ലാമാബാദ്: മനുഷ്യനേയും ജീവനുള്ള വസ്തുക്കളേയും ചിത്രീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവസാനിപ്പിച്ച് വടക്കാൻ അഫ്ഗാൻ പ്രവിശ്യയിലെ ടിവി ചാനലുകൾ. കഴിഞ്ഞ ദിവസം മുതൽ ഇത്തരത്തിലുള്ള ജീവജാലങ്ങളുടെ ചിത്രങ്ങൾ കാണിക്കുന്നത് അവസാനിപ്പിച്ചതായി മാദ്ധ്യമപ്രവർത്തകർ പറയുന്നു. ജീവനുള്ളവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും ശരിഅത്ത് നിയമം അനുസരിച്ച് തെറ്റാണെന്ന താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവ് അനുസരിച്ചാണ് നീക്കം.
ഇത്തരത്തിൽ ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കുന്നതിൽ നിന്ന് രാജ്യത്തെ എല്ലാ വാർത്താമാദ്ധ്യമങ്ങൾക്കും നിരോധനമേർപ്പെടുത്താനുള്ള ശ്രമങ്ങളുടെ ആദ്യപടിയാണിതെന്നും, ക്രമേണ രാജ്യം മുഴുവൻ നടപ്പാക്കുമെന്നും ധാർമിക മന്ത്രാലയത്തിന്റെ വക്താവ് പറയുന്നു. അടുത്തിടെയാണ് ഭരണകൂടം ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ പുറത്തിറക്കിയത്.
ചാനലിന്റെ ലോഗോയും, ഓഡിയോയും മാത്രമാണ് കഴിഞ്ഞ ദിവസം ചില ചാനലുകൾ സംപ്രേഷണം ചെയ്തത്. രാജ്യം മുഴുവൻ ഈ നിയമം നടപ്പിലാക്കണമെന്നും മാദ്ധ്യമപ്രവർത്തകരെ തീരുമാം അറിയിക്കുന്നത് വരും ദിവസങ്ങളിൽ പ്രവിശ്യകൾ തോറും മീറ്റിംഗുകൾ സംഘടിപ്പിക്കുമെന്നും താലിബാൻ നേതാവ് സൈഫുൾ ഇസ്ലാം ഖൈബർ പറഞ്ഞു. ആഘോഷങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയും ചിത്രീകരിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്.
ടാക്കർ, കാണ്ഡഹാർ, തഖർ എന്നിവിടങ്ങളിലെല്ലാം മാദ്ധ്യമപ്രവർത്തകർക്കായി നിർദേശം കൈമാറിയിട്ടുണ്ടെന്നും സൈഫുൾ പറയുന്നു. രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് മാദ്ധ്യമങ്ങൾക്ക് മേൽ താലിബാൻ ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 1996 മുതൽ 2001 വരെ സമാനമായ നിയമം രാജ്യത്ത് നടപ്പാക്കിയിരുന്നു. ജീവജാലങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് അന്നും നിരോധനം ഉണ്ടായിരുന്നു.















