കാബൂൾ: 250 ലധികം അഫ്ഗാൻ കുടിയേറ്റക്കാരെ ഇറാനിയൻ അതിർത്തി സേന വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. ഒക്ടോബർ 12ന് രാത്രി അതിർത്തി പ്രദേശമായ കൽഗാൻ സരവണിലാണ് സംഭവം നടന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ അതിർത്തി വഴി ഇറാനിലേക്ക് കടക്കാൻ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്.
വാർത്ത പുറത്തു വന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി താലിബാൻ വക്താവ് ഹംദുള്ള ഫിത്ര പറഞ്ഞു. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. 300 പേരടങ്ങിയ സംഘമാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇതിൽ 50 താഴെ ആളുകൾ മാത്രമാണ് ജീവനോടെ അവശേഷിക്കുന്നതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (ഹൽവാഷ്) റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാന്റെ പ്രത്യേക പ്രസിഡൻഷ്യൽ ദൂതനും കാബൂളിലെ അംബാസഡറുമായ ഹസ്സൻ കസെമി കോമി റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു.
മൂന്ന് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യം വിട്ടൊടിയത്. കൃത്യമായ രേഖകളില്ലാത്ത അഫ്ഗാനികൾ ഇറാനും പാകിസ്ഥാനുമായിരുന്നു ഇവരുടെ പ്രധാന അഭയകേന്ദ്രം.മാസങ്ങൾക്ക് മുമ്പ് ലക്ഷക്കണക്കിന് അഫ്ഗാനികളെ പാകിസ്താൻ തിരിച്ചയച്ചിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം 4.5 ദശലക്ഷം അഫ്ഗാൻ അഭയാർത്ഥികൾ ഇറാനിലുണ്ട്.















