ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഊർജവുമായിറങ്ങിയ ഇന്ത്യയെ ആദ്യ ഇന്നിംഗ്സിൽ തകർത്ത് തരിപ്പണമാക്കി കിവീസ്. 46 റൺസിനാണ് സന്ദർശകർ പേര് കേട്ട ബാറ്റിംഗ് നിരയെ പുറത്താക്കിയത്. ചിന്നസ്വാമി ബാറ്റർമാരുടെ ശവപ്പറമ്പായപ്പോൾ ഇന്ത്യ നാണക്കേടിന്റെ ചില റെക്കോർഡുകളും സ്വന്തം പേരിലാക്കി. ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് ബെംഗളൂരുവിൽ പിറന്നത്. 1987-ൽ ഡൽഹിയിൽ വിൻഡീസിനെതിരെ നേടിയ 75 റൺസിന്റെ റെക്കോർഡാണ് വഴിമാറിയത്.
ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. 2020-ൽ ഓസ്ട്രേലിയക്കെതിരെ 36, 1974-ൽ ലോർഡ്സിൽ 42 എന്നിങ്ങനെയാണ് മുൻ പുറത്താകലുകൾ. ഏഷ്യയിൽ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുന്ന ടീമെന്ന ദുഷ്പേരും ഇനി ഇന്ത്യക്കാണ് സ്വന്തം. ന്യൂസിലൻഡിനെതിരെയുള്ള ഏതൊരു ടീമിന്റെയും ഏറ്റവും ചെറിയ സ്കോറും ഇതാണ്.
ആദ്യ എട്ടുപേരിൽ അഞ്ചുപേരും ഡക്കായ മത്സരമാണിത്. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്‌ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്. 20 റൺസ് നേടിയ ഋഷഭ് പന്തും 13 റൺസ് നേടിയ യശസ്വി ജയ്സ്വാളുമാണ് രണ്ടക്കം കടന്ന ബാറ്റർമാർ.രോഹിത് ശർമ രണ്ടു റൺസെടുത്തപ്പോൾ കോലിയും സർഫറാസ് ഖാനും കെ.എൽ രാഹുലും ജഡേജയും അശ്വിനുമാണ് ഡക്കായ ബാറ്റർമാർ. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 90/1 എന്ന നിലയിലാണ്. 44 റൺസിന്റെ ലീഡായി. 15 റൺസെടുത്ത ക്യാപ്റ്റൻ ലാഥം ആണ് പുറത്തായത്.















