മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ മരണത്തെ തുടർന്ന് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് കുപ്രസിദ്ധ ക്രിമിനൽ ലോറൻസ് ബിഷ്‌ണോയി. നടൻ സൽമാൻ ഖാനോടുള്ള ബിഷ്‌ണോയി സമുദായത്തിന്റെ പകയും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. ഇതിനിടയിൽ സൽമാൻ ഖാന്റെ മുൻ കാമുകി സോമി അലി, ലോറൻസ് ബിഷ്‌ണോയിക്കായി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ജയിലിലായ ലോറൻസ് ബിഷ്‌ണോയിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചുള്ള പോസ്റ്റാണ് സോമി പങ്കുവച്ചത്. ലോറൻസിന്റെ ചിത്രവും അവർ പങ്കുവച്ചു. ‘ ലോറൻസ് ഭായ് ( സഹോദരൻ) എന്നാണ് സോമി അഭിസംബോധന ചെയ്തത്. ലോറൻസിനോട് സംസാരിക്കാൻ താത്പര്യമുണ്ടെന്നും നമ്പർ നൽകണമെന്നും അവർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
” ഇത് ലോറൻസ് ബിഷ്‌ണോയിക്കുള്ള സന്ദേശമാണ്. ലോറൻസ് സഹോദരാ.. നിങ്ങൾ ജയിലിലിരുന്നും വീഡിയോ കോളുകൾ ചെയ്യാറുണ്ടെന്ന് ഞാൻ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എനിക്കും നിങ്ങളോട് സംസാരിക്കണം. എപ്പോൾ നിങ്ങളുമായി സംസാരിക്കാൻ സാധിക്കും? രാജസ്ഥാൻ എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. എനിക്ക് നിങ്ങളുടെ സ്ഥലത്ത് വന്ന് നിങ്ങളുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം. പക്ഷേ അതിന് മുമ്പായി നിങ്ങൾ എന്നെ വിളിക്കൂ.. ഇത് നിങ്ങൾക്കും പ്രയോജനപ്പെടും. എനിക്ക് നിങ്ങൾ നമ്പർ നൽകുകയാണെങ്കിൽ അതൊരു സഹായമായിരിക്കും.”- സോമി അലി കുറിച്ചു.
View this post on Instagram
ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സോമി പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. സൽമാൻ ഖാനോടുള്ള വിരോധമാണ് ബാബാ സിദ്ദിഖിനെ കൊലപ്പെടുത്താൻ കാരണമെന്ന് ലോറൻസ് ബിഷ്‌ണോയ് സംഘം അറിയിച്ചിരുന്നു.
ബിഷണോയ് സമുദായത്തിന്റെ പ്രിയപ്പെട്ട മൃഗമായ കൃഷ്ണ മൃഗത്തെ സൽമാൻ ഖാൻ വേട്ടയാടിയതാണ് നടനോടുള്ള വൈരാഗ്യത്തിന് പിന്നിൽ. ഇതേത്തുടർന്ന് നടന് വീടിന് നേരെയും ബിഷ്‌ണോയ് സംഘം ആക്രമണം നടത്തിയിരുന്നു.