ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്ന് എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങൾ വഖഫിൻേതാണെന്ന വാദവുമായി ബദറുദ്ദീൻ എത്തിയത്.
വസന്ത് വിഹാറിന് ചുറ്റുമുള്ള വിമാനത്താവളം വരെയുള്ള പ്രദേശം വഖഫ് സ്വത്താണ്. വഖഫിന്റെ സ്വത്ത് വിവരങ്ങൾ ഇപ്പോഴാണ് കൃത്യമായി പുറത്ത് വരുന്നത്. പാർലമെൻ്റ് മന്ദിരം, വിമാനത്താവളം എന്നവയെല്ലാം വഖഫിന്റെ ഭൂമി കൈയ്യേറിയാണ് നിർമ്മിച്ചിരിക്കുന്നത്. അനുമതിയില്ലാതെ വഖഫ് ഭൂമി ഉപയോഗിക്കുന്നത് മോശമാണ്. മുസ്ലിങ്ങൾക്ക് അവരുടെ ഭൂമി തിരികേ ലഭിക്കണം. അല്ലെങ്കിൽ മന്ത്രിസഭ തന്നെ ഇല്ലാതാകുമെന്നും ബദറുദ്ദീൻ ഭീഷണി മുഴക്കി.
വഖഫ് ഭൂമിയിൽ നിർമ്മിച്ച ബംഗ്ലാവുകൾക്ക് എംപിമാർ വാടക നൽകണമെന്ന് സമാജ് വാദി പാർട്ടി എംപി അബു അസ്മിയുടെ പുതിയ പ്രസ്താവനയും വിവാദമായി. എംപിമാരുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത് ഞങ്ങളുടെ പൂർവ്വികരുടെ സ്വത്തിലാണ്, വഖഫിന് വാടക നൽകണം, അസ്മി പറഞ്ഞു.
2024ലെ വഖഫ് (ഭേദഗതി) ബില്ലിനെ പിന്തുണയ്‌ക്കാൻ എല്ലാ എംപിമാരോടും കേന്ദ്രമന്ത്രി കിരൺ റിജിജു അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും പരാമർശം. ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഇന്ത്യയിലാണെന്നും അത് മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തണമെന്നും റിജിജു വ്യക്തമാക്കിയിരുന്നു. അബു അസ്മിയേയും ബദറുദ്ദീനേയും വിമർശിച്ച ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല .”നാളെ, എന്റെയും നിങ്ങളുടെയും വീടിനും വരെ ഇവർ അവകാശവാദം ഉന്നയിക്കാമെന്ന് പരിഹസിച്ചു.















