അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയെ ഏറ്റെടുത്ത് പ്രേക്ഷകർ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ത്രില്ലർ സിനിമയുടെ ഉദാഹരണമാണ് ബോഗയ്ൻവില്ലയെന്ന് ചിലർ പറയുമ്പോൾ അത്ര പ്രതീക്ഷയൊന്നും നൽകേണ്ടയെന്നാണ് മറ്റുചിലർ പ്രതികരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. ജ്യോതിർമയിയുടെ തിരിച്ചുവരവിനും മികച്ച സ്വീകാര്യതയാണുള്ളത്.
“കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ശരിക്കും ഞെട്ടിച്ചു, അമൽ നീരദിന്റെ മറ്റൊരു മാജിക്കാണ് ബോഗയ്ൻവില്ല, മേക്കിംഗും പശ്ചാത്തലസംഗീതവും അടിപൊളി, ക്ലൈമാസ് നന്നായിരുന്നു, അമൽ നീരദ് ഇതുവരെ ചെയ്യാത്ത ഒരു സിനിമയാണിത്, നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ്. പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകൾ ചിത്രത്തിലുണ്ട്”.
“പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് അമൽ നീരദ് ചിത്രം ഒരിക്കിയിരിക്കുന്നത്. ആക്ഷൻസ് അധികമില്ലാത്ത നല്ലൊരു കഥ പറയുന്ന ചിത്രമാണിത്, ഫഹദ് ഫാസിലിന് വലിയ റോളൊന്നും ഇല്ലെങ്കിലും ഉള്ള ഭാഗങ്ങൾ തകർത്തഭിനയിച്ചു. എല്ലാ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു”. അമൽ നീരദിന്റെ എല്ലാ സിനിമകളും പോലെയാണെന്ന് പ്രതീക്ഷിച്ച് ബോയ്ഗൻവില്ല കാണരുതെന്നും ചിലർ പറയുന്നുണ്ട്.
കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും പ്രകടനം ഗംഭീരമാണ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബിഗ്ബി, ഭീഷ്മപർവ്വം എന്നീ സിനിമകളിലെ ക്ലൈമാക്സ് പോലെയല്ല, ബോഗയ്ൻവില്ലയുടെ ക്ലൈമാക്സ് എന്നതാണ് അമൽ നീരദ് ആരാധകരുടെ നിരാശ. എന്നാലും ത്രില്ലർ, ഇൻവെൻസ്റ്റിഗേഷൻ വിഭാഗത്തിൽപെട്ട ചിത്രത്തിന് കൂടുതലും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.















