ബെംഗളൂരു: ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് കളം വിട്ടു. കീപ്പിംഗ് ചെയ്യുന്നതിനിടെയാണ് താരത്തിന് കാൽമുട്ടിൽ പരിക്കേറ്റത്. കാറപകടത്തിൽ പരിക്കേറ്റ് ശസത്രക്രിയകൾ നടത്തിയ വലതുകാലിലാണ് വീണ്ടും പരിക്കുണ്ടായത്. താരത്തിന്റെ മുട്ട് നീര് വന്ന് വീർത്തിട്ടുണ്ട്. ഇക്കാര്യം ക്യാപ്റ്റൻ രോഹിത് ശർമ സ്ഥിരീകരിച്ചു.
ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ 37-ാം ഓവറിലായിരുന്നു സംഭവം. ഡെവോൺ കോൺവെയുടെ ഒരു സ്റ്റമ്പിംഗ് ചാൻസ് പന്ത് നഷ്ടമാക്കി. രവീന്ദ്ര ജഡേജ എറിഞ്ഞ ബോൾ കൈപിടിയിലൊതുക്കാൻ പന്തിനായില്ല, ഇത് വന്നിടിച്ചതാകട്ടെ പന്തിന്റെ കാൽ മുട്ടിലായിരുന്നു. പെട്ടെന്ന് താരം ഗ്രൗണ്ട് വിട്ടു. പകരക്കാരനായി ധ്രുവ് ജുറേലും വന്നു.
പന്തിന്റെ കാര്യത്തിൽ കൂടുതൽ റിസ്ക് എടുക്കാൻ സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന് പകരം ജുറേലിനെ ഇറക്കിയത്. വലിയൊരു സർജറി ചെയ്ത കാൽ മുട്ടിലാണ് വീണ്ടും പരിക്കേറ്റത്.മുട്ടിൽ നീര് വന്നിട്ടുണ്ട്. ഇന്ന് രാത്രികൊണ്ട് അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുമെന്ന് വിശ്വസിക്കാം.-രോഹിത് പറഞ്ഞു. അതേസമയം കിവീസിന് 134 റൺസിന്റെ ലീഡുണ്ട്. 180/3 എന്ന നിലയിലാണ് അവർ. 91 റൺസെടുത്ത കോൺവെയാണ് ടോപ് സ്കോറർ. 22 റൺസുമായി രചിനും 14 റൺസെടുത്ത മിച്ചലുമാണ് ക്രീസിൽ