രജനികാന്തിന്റെ വമ്പൻ ചിത്രം വേട്ടയാനൊപ്പം തിയേറ്ററിലെത്തിയ ജീവയുടെ ബ്ലാക്കിന് ദിവസങ്ങൾ പിന്നിടുംതോറും മികച്ച പ്രതികരണം വർദ്ധിക്കുന്നു. കെ.ജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ത്രില്ലറിൽ പ്രിയ ഭവാനി ശങ്കറാണ് നായിക.വിവേക് പ്രസന്നയാണ് മറ്റാെരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പണിംഗ് ഡേയിൽ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാതിരുന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ കോഹറൻസിന്റെ തമിഴ് അഡാപ്റ്റേഷൻ ആണ് ബ്ലാക്ക്. ചിത്രത്തിലൂടെ ജീവയുടെ വമ്പൻ തിരിച്ചുവരവാണ് നടന്നത്. ഏറെക്കാലമായി താരത്തിന്റെ ചിത്രങ്ങൾക്ക് ബോക്സോഫീസിൽ കിതപ്പായിരുന്നു ഫലം.
20 ലക്ഷം മാത്രമായിരുന്നു ആദ്യ ദിനത്തിലെ കളക്ഷൻ എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ തമിഴ്നാട്ടിലെ ചിത്രത്തിന്റെ കളക്ഷൻ ഒരു ദിവസം പോലും 20 ലക്ഷത്തിന് താഴെ പോയില്ല. രണ്ടാം ദിവസം 45ലക്ഷം നേടിയ ചിത്രം മൂന്നാം ദിവസം നേടിയത് 65 ലക്ഷം രൂപയാണ്. ഏഴു ദിവസം കൊണ്ട് 3.05 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ചിത്രത്തിന്റെ ഷോകൾ പ്രതിദിനം വർദ്ധിച്ചെന്നാണ് തിയേറ്റർ ഉടമകളും വിതരണക്കാരും പറയുന്നത്. ഇതിന്റെ തെളിവുകളും അവർ പുറത്തുവിട്ടുണ്ട്.
ജനപ്രീതിയിൽ രജനി ചിത്രത്തെ ജീവയുടെ ബ്ലാക്ക് മറികടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തപ്പെടുന്നത്. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന് ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാഹരൻ ആർ എന്നിവർ ചേർന്നാണ് ബ്ലാക്ക് നിർമിച്ചിരിക്കുന്നത്.