ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഫ്ലൈറ്റ് എഐസി 129 എന്ന വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. സന്ദേശമെത്തിയതോടെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. സോഷ്യൽ മീഡിയയിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
യുകെ വ്യോമസേന വിമാനത്തിന്റെ അകമ്പടിയോടെയാണ് വിമാനം ഹീത്രൂ വിമാനത്താവളത്തിൽ ഇറക്കിയത്. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും വിശദമായി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കി കൊടുക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനിടെ 11 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയുണ്ടായത്. അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾ, മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ്, രണ്ട് ഇൻഡിഗോ, ഒരു വിസ്താര എന്നീ വിമാനങ്ങൾക്ക് നേരെയായിരുന്നു വ്യാജ ബോംബ് ഭീഷണി സന്ദേശം.