ജോജു ജോർജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം പണിയുടെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസും ത്രില്ലറും നിറഞ്ഞ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജാണ് ഫെയ്സ്ബുക്കിലൂടെ ട്രെയിലർ റിലീസ് ചെയ്തത്.
ഒരു കൊലപാതകക്കേസും പൊലീസ് അന്വേഷണവും തുടർന്നുള്ള പൊല്ലാപ്പുകളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ജോജു ജോർജ് എത്തുന്നത്.
സീമ, സുജിത് ശങ്കർ, രഞ്ജിത്ത് വേലായുധൻ, ബോബി കുര്യൻ, അഭയ ഹിരൺമയി, അഭിനയ, സാഗർ, ജുനൈസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ത്രില്ലർ, സസ്പെൻസ് ചിത്രമായാണ് പണി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എഡി സ്റ്റുഡിയോസിന്റെയും ഗോകുലം മൂവീസിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ബിഗ്ബജറ്റിലൊരുങ്ങിയ പണിയുടെ ചിത്രീകരണം 110 ദിവസം കൊണ്ടാണ് പൂർത്തിയായത്.















