മണിരത്നം ചിത്രങ്ങൾ ഒഴിവാക്കിയത് കരിയറിലെ വലിയ നഷ്ടങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ. ദളപതി, റോജസ തിരുടാ തിരുടാ എന്നീ ക്ലാസിക് ചിത്രങ്ങളാണ് താരത്തിന് പലകാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നത്. അദ്യം മണി (സംവിധായകൻ മണിരത്നം) അങ്കിൾ വിളിച്ചത് ദളപതിയിൽ ശോഭന അവതരിപ്പിച്ച വേഷത്തിന് വേണ്ടിയായിരുന്നു.
എന്നാൽ മറ്റൊരു പടം കമിറ്റ് ചെയ്തെന്ന് പറഞ്ഞ് മുത്തശ്ശി അത് ഒഴിവാക്കി. പിന്നീട് അദ്ദേഹം വിളിക്കുന്നത് റോജയ്‌ക്ക് വേണ്ടിയായിരുന്നു. എന്നാൽ ആ സമയത്ത് തെലുങ്ക് പടത്തിനായി അഡ്വാൻസ് വാങ്ങിയിരുന്നു. ഡേറ്റുകൾ നോക്കിയിരുന്ന മുത്തശ്ശിയാണ് അഡ്വാൻസ് വാങ്ങിയെന്നും വരാൻ പറ്റില്ലെന്നും പറഞ്ഞത്. കുളുമണാലിയിൽ 40 ദിവസത്തെ ഡേറ്റാണ് റോജയ്‌ക്ക് വേണ്ടി അന്ന് ചോദിച്ചത്.
എന്നാൽ തെലുങ്ക് ചിത്രം നാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങി. പിന്നീട് റോജ ഇറങ്ങി, കോയമ്പത്തൂരിൽ നിന്ന് ചിത്രം കണ്ടു. ശേഷം വീട്ടിലേക്ക് വരുമ്പോൾ കാറിൽപോലും ആരും ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയ ഞാൻ ഒന്നും മിണ്ടാതെ തലയിൽ ചെരുപ്പ് വച്ച് അടിച്ചു. മുത്തശ്ശി തടയാനെത്തി. നിങ്ങളെ അടിക്കാൻ പറ്റില്ലല്ലോ, അതാണ് സ്വന്തമായി അടിക്കുന്നതെന്ന് പറഞ്ഞു.
തിരുടാ തിരുടായ്‌ക്ക് മണി സാർ വിളിച്ചപ്പോൾ ഒരു ഹിന്ദി പടത്തിന്റെ ഓഫർ ലഭിച്ചിരുന്നു. ഇതോടെ ആ അവസരവും പോയി. എല്ലാം എന്റെ ഡേറ്റ് നോക്കാതിരുന്ന അശ്രദ്ധ കൊണ്ട് പോയതാണ്. ഇനിയാരിക്കലും മണിസാർ വിളിക്കില്ലല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്—ഐശ്വര്യ പറഞ്ഞു.