മുംബൈ: മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു. അസം ഗുവാഹത്തിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ അഞ്ച് മണിവരെ നീണ്ടുനിന്നു.
ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ തമന്നയെ വിളിപ്പിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം താരം എത്തിയിരുന്നില്ല. മഹാദേവ് ബെറ്റിംഗ് ആപ്പിന് സമാനമായ ആപ്ലിക്കേഷൻ ഫെയർപ്ലേ ആപ്പ് വഴി ഐപിഎൽ മത്സരങ്ങൾ കാണാൻ പ്രമോഷൻ നടത്തിയെന്നാണ് തമന്നക്കെതിരെയുള്ള പരാതി.
ആപ്പിന്റെ പ്രമോഷൻ പരസ്യങ്ങളിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനെയും ശ്രദ്ധാ കപൂറിനെയും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരുന്നു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് മഹാദേവ് ബെറ്റിംഗ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയത്.
കേസിൽ, മാർച്ചിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ 455 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.