കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സത്കാരത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിത നടപടി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ്. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭക്തർ നൽകിയ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടത്.
ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ഹർജിക്കാസ്പദമായ സംഭവം നടന്നത്. വടക്കേ നടയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കെട്ടിടത്തിൽ സത്കാരത്തിന്റെ ഭാഗമായി ചിക്കൻ ബിരിയാണി നൽകുകയായിരുന്നു. ജീവനക്കാരന്റെ മകന് സർക്കാർ ജോലി കിട്ടയതിന്റെ സത്കാരമാണ് നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്.