ഇസ്ലാമാബാദ്: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പാകിസ്താനിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തിൽ നല്ല മാറ്റങ്ങൾക്കുള്ള തുടക്കമായിരിക്കുമെന്ന പ്രത്യാശ പങ്കുവച്ച് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. എസ് ജയശങ്കറിന്റെ പാക് സന്ദർശനത്തിലൂടെ ഇന്ത്യയും പാകിസ്താനും മുൻപുണ്ടായിരുന്ന പ്രശ്‌നങ്ങളെ മാറ്റിവച്ചുകൊണ്ട് ഭാവിയിൽ ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് സഹകരിക്കാൻ ശ്രമിക്കുമെന്നും നവാസ് ഷെരീഫ് പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവാസ് ഷെരീഫിന്റെ പരാമർശം.
” ഇന്ത്യയും പാകിസ്താനും മുൻപുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റിവച്ചുകൊണ്ട് സമാധാന ചർച്ചകൾ പുന:രാരംഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 75 വർഷങ്ങൾ ഇതുപോലെ കടന്നുപോയി. ഇനിയും ഒരു 75 വർഷങ്ങൾ കൂടി ഇതുപോലെ ഉണ്ടാകരുത്. സമാധാനചർച്ചകൾ അവസാനിപ്പിച്ച ഇടത്ത് നിന്ന് തന്നെ വീണ്ടും തുടങ്ങണമെന്നും” നവാസ് ഷെരീഫ് പറയുന്നു.
എസ്‌സിഒ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നവാസ് ഷെരീഫ് പറയുന്നു. നമുക്ക് ഒരിക്കലും നമ്മുടെ അയൽക്കാരെ മാറ്റാൻ സാധിക്കില്ല. പക്ഷേ നമ്മൾ നല്ല അയൽക്കാരെ പോലെ ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം എസ്.ജയശങ്കർ പാക് വിദേശകാര്യമന്ത്രിയും നവാസ് ഷെരീഫിന്റെ അനുയായിയുമായ ഇഷാഖ് ദറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തീവ്രവാദം, വിഘടവാദം എന്നിവയെ തടയാതെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, കണക്ടിവിറ്റി, ജനങ്ങളുമായുള്ള ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് പാകിസ്താന്റെ പേര് എടുത്ത് പറയാതെ ജയശങ്കർ വിമർശനം ഉന്നയിച്ചിരുന്നു.















