ചണ്ഡീഗഡ്: കഴിഞ്ഞ രണ്ട് വർഷമായി താൻ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും വലിയ മാനസിക പീഡനങ്ങൾ നേരിടുകയാണെന്നും, ഇതിനെ കുറിച്ച് ഉടൻ വെളിപ്പെടുത്തലുകൾ നടത്തുമെന്നും പാർട്ടി വിട്ട മുതിർന്ന നേതാവ് ക്യാപ്റ്റൻ അജയ് സിംഗ് യാദവ്. കോൺഗ്രസ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ചില നേതാക്കളിൽ നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വളരെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും, വൈകാതെ തന്നെ ഇവ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുമെന്നും അജയ് സിംഗ് പറയുന്നു.
” എന്റെ രാജിക്കത്ത് ഇന്നലെ പാർട്ടി നേതൃത്വത്തിന് കൈമാറി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അത് അംഗീകരിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. അതിന് ശേഷം മാദ്ധ്യമങ്ങളെ കാണും. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പാർട്ടിയിലെ ചില നേതാക്കളിൽ വലിയ രീതിയിൽ മാനസിക പീഡനങ്ങൾ നേരിട്ടു. ഇത് എല്ലാവരോടും ഈ അവസരത്തിൽ തുറന്നു പറയും.
ഞാൻ ഒരു സന്യാസിയല്ല, ഒരു മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകനാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് എന്റെ രാജി അംഗീകരിക്കുന്ന നിമിഷം തന്നെ ഭാവി പരിപാടികൾ പ്രഖ്യാപിക്കും. ചില നേതാക്കളിൽ നിന്നും ഉണ്ടായ അങ്ങേയറ്റം മോശം അനുഭവത്തെക്കുറിച്ച് ഖാർഗെയെ അറിയിച്ചിട്ടുണ്ട്. എന്റെ രാഷ്‌ട്രീയ ജീവിതത്തെ ഇല്ലാതാക്കാനാണ് ഈ നേതാക്കൾ ശ്രമിച്ചതെന്നും” അജയ് സിംഗ് ആരോപിച്ചു.
എഐസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സ്ഥാനത്ത് നിന്നും കോൺഗ്രസിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ച് പുറത്തുപോവുകയാണെന്ന പ്രഖ്യാപനം ഇന്നലെയാണ് അജയ് സിംഗ് നടത്തിയത്. തന്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുമായി 70 വർഷത്തെ ബന്ധമുണ്ടെന്നും രാജിവച്ച് പുറത്തു പോവുക എന്ന തീരുമാനം ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ പാത തന്നെ താനും പിന്തുടർന്നുവെങ്കിലും സോണിയാ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാർട്ടി ഹൈക്കമാൻഡ് അങ്ങേയറ്റം മോശമായി മാത്രമാണ് പെരുമാറിയിട്ടുള്ളതെന്നും അതിൽ നിരാശയുണ്ടെന്നും അജയ് സിംഗ് വ്യക്തമാക്കി.















