ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഡൽഹി പൊലീസിന്റെ സൈബർ സെൽ, ഇൻ്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ നൽകണമെന്ന് അന്വേഷണ സംഘം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു. വ്യാജ സന്ദേശങ്ങൾ അയച്ചവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബോംബ് ഭീഷണി കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ബോംബ് ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഐപി അഡ്രസുകൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
180 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റ് ഭീഷണി സന്ദേശങ്ങൾ കൂടി എത്തിയത്.
കഴിഞ്ഞ ദിവസം, മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തുടർന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി.