ലക്നൗ : ലങ്ക കീഴടക്കി 14 വർഷത്തെ വനവാസം കഴിഞ്ഞ് രാമരാജ്യത്തേയ്ക്ക് വരുന്ന ശ്രീരാമനെ വരവേൽക്കാൻ ഒരുങ്ങുകയാണ് അയോദ്ധ്യ . ദീപോത്സവത്തിനായി അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഓരോ ചുവടിലും രാമായണകാലം അനുഭവപ്പെടും. അയോദ്ധ്യയിലെ ദീപോത്സവത്തിന്റെ പ്രഭ രണ്ടു കിലോമീറ്ററോളം വ്യാപിക്കും . രാംപത്ത് മുതൽ ധരംപത്ത് വരെ വലിയ വിളക്കുകൾ ഒരുക്കിയിട്ടുണ്ട്. രാമായണ കാലഘട്ടത്തിന്റെ പ്രതീതി നൽകുന്ന കവാടങ്ങളും നിർമിക്കുന്നുണ്ട്. രാം കി പാഡിയിലെ അലങ്കാരങ്ങൾ അവസാന ഘട്ടത്തിലാണ്. ഒക്ടോബർ 25നകം അയോദ്ധ്യാ ധാം അലങ്കരിക്കുന്ന ജോലികൾ പൂർത്തിയാകും.
രാംകഥ പാർക്കിന് സമീപം ഇലക്ട്രീഷ്യൻ ക്യാമ്പ് സ്ഥാപിച്ച് വിളക്കുകൾ ഒരുക്കാനുള്ള ജോലികൾ നടന്നുവരികയാണ്.റാംപത്ത്, ധരംപത്ത് എന്നിവിടങ്ങളിൽ രണ്ട് കിലോമീറ്ററിലധികം സ്ഥലത്ത് വലിയ വിളക്കുകൾ ഒരുക്കും . രാംകഥയെ അടിസ്ഥാനമാക്കിയുള്ള മുപ്പതോളം പ്രവേശന കമാനങ്ങളും ധർമ്മപത്ത് മുതൽ രാംകഥ പാർക്ക് വരെ നിർമ്മിക്കും. രാംകഥയിലെ രംഗങ്ങൾ ഇവയിൽ കാണിക്കും. സരയുവിന്റെ ഘാട്ടുകളിൽ ഗ്രാൻഡ് ആർച്ച് വേകളും നിർമ്മിക്കും.ടാബ്ലോകൾ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഇൻഫർമേഷൻ ആൻഡ് ടൂറിസം വകുപ്പ് പൂർത്തിയാക്കി. ദീപോത്സവത്തിൽ ആറ് രാജ്യങ്ങളുടെ രാമലീല സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്
15,000 പേർക്ക് ഇരിക്കാൻ പാകത്തിനുള്ള പ്രേക്ഷക ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുന്നൂറോളം കലാകാരന്മാർ അതത് സംസ്ഥാനങ്ങളിലെ നാടൻ കലകൾ അവതരിപ്പിക്കും. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് ഭക്തർ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തും. നിരവധി ഭക്തർക്ക് ഈ മഹാത്സവത്തിന് വരാൻ സാധിക്കുന്നില്ലെങ്കിലും ഓൺലൈനിൽ വിളക്ക് ദാനം ചെയ്ത് മഹോത്സവത്തിന്റെ ഭാഗമാകാം.
ഓൺലൈൻ വഴി ഇതിനായി പണം അടക്കാനാകുമെന്ന് അയോദ്ധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ അശ്വനി കുമാർ പാണ്ഡെ പറഞ്ഞു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഭക്തർക്ക് ദീപോത്സവത്തിന്റെ ഭാഗമാകാം, അതിനു പകരമായി അവർക്ക് പ്രസാദവും അയക്കും. ഉത്തർപ്രദേശ് സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷനാണ് പ്രസാദ് നിർമ്മിക്കുന്നത്. താൽപ്പര്യമുള്ള ഭക്തർക്ക് Divya Ayodhya.com എന്ന ലിങ്ക് സന്ദർശിച്ച് സംഭാവന നൽകാം.