ന്യൂഡൽഹി: പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. നൂതന ആശയങ്ങൾ കൊണ്ടുവരാനും സാങ്കേതിക വിദ്യയുണ്ടാക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും സ്വകാര്യമേഖലയ്‌ക്കുള്ള കഴിവ് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള DRDO ഇൻഡസ്ട്രി വർക്ക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
“പ്രതിരോധമേഖലയിലെ പങ്കാളിത്തത്തിൽ സ്വകാര്യ മേഖല മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദ്രുതഗതിയിലുള്ള മാറ്റങ്ങൾ മാത്രമല്ല നൂതന ആശയങ്ങൾ കണ്ടെത്തി നടപ്പാക്കാനും സ്വകാര്യ വ്യവസായത്തിന് കഴിവുണ്ട്,” രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയുടെ സ്വാധീനം പരമ്പരാഗത യുദ്ധത്തിൽ മാത്രം, ഒതുങ്ങുന്നതല്ല. ഇത് ഡ്രോണുകൾ, സൈബർ യുദ്ധം, ബയോ വെപ്പണുകൾ എന്നിവയുൾപ്പെടയുള്ള പുതിയ യുദ്ധരീതികൾക്ക് തുടക്കം കുറിച്ചു. ബഹിരാകാശത്തെ പ്രതിരോധം നമ്മുടെ പ്രതിരോധമേഖല നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധമേഖലയെ കൂടുതൽ നൂതനവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കാൻ സർക്കാർ പ്രതിജ്ഞാ ബന്ധമാണ്. ശാസ്ത്രജ്ഞർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇ, പ്രതിരോധ ഗവേഷണ -വികസന രംഗത്തെ യുവ സംരംഭകർ എന്നിവരുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.