ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രിസഭ അംഗീകാരം നൽകിയാൽ ഉടൻ വിജ്ഞാപനം പുറത്തിറക്കുമെന്നും എല്ലാ പൗരന്മാർക്കും ഒരേ നിയമം എന്നത് ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നതിനും ചട്ടങ്ങൾ തയ്യാറാക്കുന്നതിനും രൂപീകരിച്ച റൂൾസ് ആൻഡ് ഇംപ്ലിമെൻ്റേഷൻ കമ്മിറ്റിയാണ് അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ശത്രുഘ്നൻ സിംഗ് ചെയർമാനായ കമ്മിറ്റി നൽകിയ റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകിയാൽ ഉടൻ വിജ്ഞാപനം പുറത്തിറക്കും. വ്യക്തി നിയമങ്ങൾക്കപ്പുറം എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഏകീകൃത സിവിൽ നിയമം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണെന്നും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളാണ് ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിയമസഭ പാസാക്കിയ ഏകീകൃത സിവിൽ കോഡ് ബില്ലിന് ഗവർണറും രാഷ്‌ട്രപതിയും അംഗീകാരം നൽകിയിരുന്നു. വിജ്ഞാപനം പുറത്തിറക്കുന്നതോടെയാകും നിയമം പ്രാബല്യത്തിൽ വരിക. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം ഉറപ്പാക്കുന്നതാണ് ഏകീകൃത സിവിൽ നിയമം. ഉത്തരാഖണ്ഡിന് പുറമെ ഗുജറാത്തും നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദേശീയതലത്തിലും ഏകീകൃത സിവിൽകോഡിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.















