ഓയിൽ ടാങ്കറും മീൻ വണ്ടികളും മറിഞ്ഞുള്ള അപകടങ്ങൾ വാർത്തകളിൽ ഇടംപടിക്കാറുണ്ട്. മറിഞ്ഞ വാഹനങ്ങളിൽ നിന്ന് വസ്തുക്കൾ ശേഖരിക്കാനായി എത്തുന്ന പ്രദേശവാസികളാണ് ഇതിൽ ശ്രദ്ധേയം. അത്തരത്തിൽ 18 ടൺ തക്കാളിയുമായി പോയ ലോറി മറിഞ്ഞെന്ന വാർത്തയാണ് ഇപ്പോൾ സമൂമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. എന്നാൽ ഇവിടെ ചെറിയ ട്വിസ്റ്റുണ്ട്. തക്കാളി മോഷ്ടിക്കാനായി എത്തിയ ആളുകളല്ല, ഒരു തക്കാളി പോലും മോഷണം പോവാതെ സംരക്ഷണം ഒരുക്കിയ പൊലീസുകാരാണ് താരങ്ങൾ.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 18 ടൺ തക്കാളിയുമായി ന്യൂഡൽഹിക്ക് പോകുന്നതിനിടെ ലോറി അപകടത്തിൽപ്പെടുകയായിരുന്നു. റോഡിൽ നിന്ന പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ലോറിയുടെ ഡ്രൈവർ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ലോറി മറിഞ്ഞതോടെ തക്കാളിയും റോഡിലായി. ഒരു കിലോയ്‌ക്ക് 100 രൂപ വിലയുള്ള തക്കാളികൾ മോഷണം പോകാൻ സാധ്യതയുള്ളതിനാൽ അപകടം അറിഞ്ഞെത്തിയ യുപി പൊലീസ് തക്കാളികൾക്കും ലോറിക്കും കാവൽ നിൽക്കുകയായിരുന്നു. പരിക്കറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾ നൽകി.
പിറ്റേദിവസം രാവിലെ, ഇയാൾ ലോറിക്ക് സമീപമെത്തിയ ശേഷമാണ് പൊലീസുകാർ കാവൽ അവസാനിപ്പിച്ചത്. സംഭവം വൈറലായതോടെ യുപി പൊലീസിന് കയ്യടിക്കുകയാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തിരിക്കുകയാണ് പൊലീസെന്ന് പലരും കുറിച്ചു.