കണ്ണൂർ: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി നെടുവായൂർ പള്ളി കമ്മിറ്റി. കരാർ പുനഃപരിശോധിക്കുന്നത് ബന്ധപ്പെട്ട കാര്യങ്ങൾ ഇടവകയിൽ പൊതുയോഗം കൂടി തീരുമാനിക്കുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.
പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബുവിന് വീഴ്ച സംഭവിച്ചില്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. നാടിന്റെ വികസനത്തിന് വേണ്ടിയാണ് പള്ളി സ്ഥലം വിട്ടുനൽകിയതെന്നും എന്നാൽ, അത് സത്യസന്ധനായ ഉദ്യോഗസ്ഥൻ നവീൻ ബാബുവിന്റെ മരണത്തിന് ഇടയാക്കിയതിൽ അതീവ ദുഃഖമുണ്ടെന്നും പള്ളി വികാരി പോൾ എടത്തിനകത്ത് പ്രതികരിച്ചു.
“സദുദ്ദേശ്യത്തോടെ ചെയ്ത കാര്യമാണിത്. പ്രദേശത്ത് വികസനം വേണം എന്ന നിലയിൽ കൊടുത്തതാണ്. പക്ഷേ, ഇതൊരു മനുഷ്യന്റെ ജീവന്റെ വിലയായി മാറിയെന്നുള്ളത് പള്ളിയെ സംബന്ധിച്ചിടത്തോളം വലിയ ദുഃഖമായി മാറിയിരിക്കുകയാണ്’അദ്ദേഹം പറഞ്ഞു.
പെട്രോൾ പമ്പ് തുടങ്ങാനായി പള്ളിവക 40 സെന്റ് ഭൂമിയാണ് പരാതിക്കാരനായ പ്രശാന്തിന് പള്ളി കമ്മിറ്റി പാട്ടത്തിന് നൽകിയത്. പമ്പിന് എൻഒസി നൽകിയതിൽ എഡിഎം അനാവശ്യ കാലതാമസം ഉണ്ടാക്കിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാരുടെ നിർദേശ പ്രകാരം കളക്ടർ നടത്തിയ അന്വേഷണത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കും.
നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയെ സമീപിച്ചു.















