എറണാകുളം: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ജിംനേഷ്യം ഉടമ അറസ്റ്റിൽ. ആലുവ ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിന് സമീപമുള്ള കെപി ഫിറ്റ്‌നസ് ജിംനേഷ്യത്തിന്റെ ഉടമയായ കൃഷ്ണ പ്രതാപാണ് അറസ്റ്റിലായത്. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കൊലപാതകം പുറത്തറിഞ്ഞതോടെ തന്നെ കൃഷ്ണ പ്രതാപിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. തുടർന്ന് ആലുവയിലെ ചുണങ്ങംവേലിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാവിലെ ആറ് മണിയ്‌ക്കാണ് കണ്ണൂർ സ്വദേശിയായ സാബിത്തിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാബിത്തിന്റെ വാടക വീടിന്റെ മുന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയറിനും തലയ്‌ക്കുമാണ് വെട്ടേറ്റത്. ഇയാളോടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.















