ഗാസ: ഒക്ടോബർ 7- ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് നേതാവ് ഖാലിൽ അൽ-ഹയ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാഹാനായ നേതാവാണെന്നും രക്തസാക്ഷിയായ സഹോദരനെന്നും യഹിയ സിൻവറെ ഖാലിൽ അൽ-ഹയ്യ വിശേഷിപ്പിച്ചു. അൽ-ജസീറയിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വിങ്ങിപ്പൊട്ടിയാണ് ഖാലിൽ അൽ-ഹയ്യ സംസാരിച്ചത്.
യഹിയ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇസ്രായേലിന്റെ ബന്ദികളെ ഇനി വിട്ടുനൽകില്ലെന്ന ആഹ്വാനവും ഹമാസ് നടത്തിയിട്ടുണ്ട്. ഗാസയിലെ യുദ്ധം അവസാനിക്കുന്നത് വരെ ബന്ദികളെ വിട്ടുനൽകില്ല. “അവർ ഇനി ഒരിക്കലും തിരിച്ചുവരില്ല, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണം. അതുവരെ ബന്ദികളെ വിട്ടുനൽകില്ല.” പാലസ്തീനികളായ എല്ലാ ജയിൽ തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കണമെന്നും ഗാസയിലെ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറണമെന്നും ഹമാസ് ആവശ്യപ്പെട്ടു. സിൻവറിന്റെ മരണം ഹമാസിന് കൂടുതൽ ശക്തി നൽകുന്നുവെന്നും അൽ-ഹയ്യ പ്രതികരിച്ചു.