ധാരാളം പോഷക ഘടങ്ങൾ അടങ്ങിയ സമീകൃത ആഹാരമാണ് പാൽ. ദിവസവും ശുദ്ധമയ പാൽ കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ നൽകാൻ സഹായിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ ബഹുഭൂരിപക്ഷം ആളുകളും കടയിൽ നിന്നായിരിക്കും പാൽ വാങ്ങുന്നത്. കടകളിൽ നിന്നും വാങ്ങുന്ന മിക്ക പാലുകളും ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിലും കേടുവരാതെ ഇരിക്കുന്നത് കണ്ടിരിക്കും. അമിത അളവിൽ മായം ചേർക്കുന്നതാണ് ഇതിന് കാരണം.
പാലിൽ ചേർക്കുന്ന മായം അധികമായാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴി വയ്‌ക്കുന്നു. ഛർദ്ദി, ഓക്കാനം, അലർജി എന്നിവയ്‌ക്കും ഫോർമാലിൻ അധികമായ പാലാണ് ഉപയോഗിക്കുന്നതെങ്കിൽ കാൻസറിനും ഇത് കാരണമായേക്കാം. പാലിൽ അടയങ്ങിയ മായം എങ്ങനെ കണ്ടെത്താം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കാം..
അയഡിൻ സൊലൂഷൻ ടെസ്റ്റ്
പാൽ തിളപ്പിച്ച ശേഷം തണുപ്പിക്കാൻ വയ്‌ക്കുക. ഇതിൽ നിന്നും രണ്ടോ മൂന്നോ ടീ സ്പൂൺ പാലെടുത്ത ശേഷം ഇതിലേക്ക് അയഡിൻ ലായിനി ഒഴിക്കുക. പാലിന്റെ നിറം മാറാതെ നിൽക്കുകയാണെങ്കിൽ ശുദ്ധമായ പാലണിതെന്ന് മനസിലാക്കാം. പാൽ, നീല നിറമാവുകയാണെങ്കിൽ ഇതിൽ മായം കലർന്നിട്ടുണ്ടെന്ന് മനസിലാക്കാം.
പാലും വെള്ളവും
വെള്ള ഗ്ലാസ് ബോട്ടിലിൽ പാലും വെള്ളവും തുല്യ അളവിൽ ഒഴിക്കുക. ഇത് നന്നായി കുലുക്കുക. മായം കലരാത്ത പാലാണെങ്കിൽ നുരയും പതയുമുണ്ടാകില്ല.
ഫോർമാലിൻ ടെസ്റ്റ്
പാലിൽ ഫോർമാലിൻ കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി ഉപയോഗിക്കുന്ന ടെസ്റ്റാണിത്. ഇതിനായി 10 മില്ലിലിറ്റർ പാലെടുത്ത് ഇതിലേക്ക് 2, 3 തുള്ളി നേർപ്പിച്ച സൾഫ്യൂരിക് ആസിഡ് ഒഴിക്കുക. രണ്ട് മിനിറ്റ് പാൽ അനക്കാതെ വയ്‌ക്കുക. പാലിന്റെ നിറത്തിൽ വ്യത്യാസമില്ലെങ്കിൽ ശുദ്ധമായ പാലാണെന്ന് മനസിലാക്കാം. വയലറ്റ്, നീല നിറത്തിലേക്ക് പാൽ മാറുകയാണെങ്കിൽ ഇതിൽ ഫോർമാലിൻ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം..















