തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി. സരിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സരിൻ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ യു ആർ പ്രദീപ് മത്സരിക്കും. മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയാണ് യുആർ പ്രദീപ്.
പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. പാർട്ടി ചിഹ്നം നൽകിയില്ലെങ്കിലും സ്വതന്ത്ര സ്ഥനാർത്ഥിയായി സരിന് മത്സരിക്കാമെന്ന് പാർട്ടി തീരുമാനിച്ചു.
സെക്രട്ടറിയേറ്റിന്റെ തീരുമാനം പിന്നീട് സംസ്ഥാന കമ്മിറ്റി അംഗീകാരത്തിനായി വിട്ടു. തുടർന്ന് ഇന്ന് വൈകിട്ട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പി സരിനെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.