ലക്നൗ: വാരാണസിയിൽ 1,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലാണ് വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിടുന്നത്.
വികസിത് ഉത്തർപ്രദേശിന്റെ ഭാഗമായി 23-ഓളം പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നാളെ(20)-ന് വാരണാസിയിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വാരാണയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വിവിധയിടങ്ങളിലായി നിരവധി പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
വാരാണസിയിൽ 2,642 കോടി രൂപയുടെ ദീൻദയാൽ ഉപാദ്ധ്യായ മൾട്ടി ട്രാക്കിംഗ് പദ്ധതിയ്ക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. ഗംഗാ നദിയ്ക്ക് കുറുകെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെ കടന്നുപോകുന്ന പുതിയ റെയിൽ-റോഡ് -പാലം എന്നിവയ്ക്കാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
വാരാണസി- PT എന്ന പുതിയ പദ്ധതിയിലൂടെ ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നു. ഇതിലൂടെ തിരക്ക് നിയന്ത്രിക്കാനും വാരാണസിയിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കാനും സഹായിക്കുന്നു. വാരാണസി- PT ചരക്ക് ഗതാഗതത്തിനും ഉത്തേജനം നൽകുന്നുണ്ട്.