മോസ്കോ: റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ സമാധാനപരമായി അവസാനിപ്പിക്കാൻ താത്പര്യമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. യുക്രെയ്നാണ് ചർച്ചകൾ നിർത്തിവച്ചതെന്നും തുടർച്ചയായി വിലക്കുകൾ ഏർപ്പെടുത്തി, റഷ്യയുമായുള്ള ബന്ധം യുഎസ് തകർത്തെന്നും പുടിൻ പറഞ്ഞു.16-മത് ബ്രിക്സ് ഉച്ചകോടിയ്‌ക്ക് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പുടിൻ.
“റഷ്യ-യുഎസ് ബന്ധം നശിപ്പിച്ചത് യുഎസാണ്. അവർ റഷ്യക്കെതിരെ തുടർച്ചയായി ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇത് യുഎസിന് തന്നെ തിരിച്ചടിയാകും. റഷ്യ- യുക്രെയൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ യുഎസ്, യുകെ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ 16,500-ലധികം വിലക്കുകളാണ് റഷ്യക്കെതിരെ ഏർപ്പെടുത്തിയത്”.
റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം തകർക്കാൻ യുഎസ് ശ്രമിക്കുകയാണ്. ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ തച്ചുടക്കാനും യുഎസ് ശ്രമിക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിയിലൂടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കും. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടിയിൽ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം എന്നിവയിലൂടെ ഉഭയകക്ഷി ബന്ധം ദൃഢമാക്കിയിട്ടുണ്ടെന്നും വ്ളാഡിമർ പുടിൻ പറഞ്ഞു.
ഒക്ടോബർ 22 മുതൽ 24 വരെയാണ് 16-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. പുടിന്റെ ക്ഷണപ്രകാരം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി 22-ന് റഷ്യയിലേക്ക് തിരിക്കും.