പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. 52,000 പേരാണ് വെർച്വർ ക്യൂ വഴി ബുക്ക് ചെയ്തത്. നടപ്പന്തലിനും പുറത്തുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി കാത്തുനിൽക്കുന്നത്. പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാതെ എത്തുന്ന ഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
എല്ലാ ഭക്തർക്കും ദർശനസൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, തീർത്ഥാടകരുടെ ദുരിതത്തിന് യാതൊരു കുറവുമില്ലെന്നാണ് വിവരം. കുടിവെള്ളം പോലും ലഭിക്കാതെയാണ് ഭക്തർ മണിക്കൂറുകളോളം നടപന്തലിൽ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം കുട്ടികളും വയോധികരും നടപ്പന്തലിൽ കുടുങ്ങിക്കിടന്നതായി പരാതി ഉയർന്നിരുന്നു. ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്ന് ഭക്തർ പ്രതികരിച്ചു. വിഐപികളെ അധികൃതർ പെട്ടന്ന് കടത്തി വിടുന്നുണ്ടെന്നും സാധാരണക്കാരെ പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ശബരിമല മണ്ഡല-മകര വിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തീർത്ഥാടനം സുഗമമാക്കുന്നതിനുമുള്ള നടപടികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.