കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. പകരം ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ. ഗീതാ ഐഎഎസിനാണ് അന്വേഷണ ചുമതല. കലക്ടർക്ക് എതിരെ ആരോപണം വന്നതോടെ ആണ് കൂടുതൽ അന്വേഷണചുമതല മറ്റൊരാളെ ഏൽപിച്ചത്. വയനാട് കളക്ടറായിരിക്കെ കേരളത്തിലെ മികച്ച കളക്ടറെന്ന ബഹുമതി എ. ഗീതാ ഐഎഎസിനായിരുന്നു.
കളക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. പ്രശാന്തന്റെ പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യപങ്ക് കളക്ടർക്കുണ്ടെന്നാണ് കരുതുന്നതെന്ന് നവീൻ ബാബുവിന്റെ അമ്മാവവൻ ബാലകൃഷ്ണൻ ആരോപിച്ചു. കളക്ടറും എഡിഎമ്മുമായുള്ള ഔദ്യോഗിക ബന്ധം സൗഹൃദപരമായിരുന്നില്ല.
അവധി നൽകുന്നതിലും കടുത്ത നിയന്ത്രണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അവധി നൽകി നാട്ടിലെത്തിയാൽ വേഗം എത്താൻ പറഞ്ഞ് വിളിക്കും. ജോലിക്കെത്തിയാൽ എല്ലാ ജോലിയും നവീനെ ഏൽപ്പിച്ച് പോകുന്ന കളക്ടറാണ്. സംസ്കാര ചടങ്ങിൽ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. സത്യന്ധനായ ഉദ്യോഗസ്ഥനെ കൊലയ്‌ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും ഞങ്ങൾക്ക് കേൾക്കേണ്ടെന്നും അമ്മാവൻ പറഞ്ഞു.
കളക്ടറുടെ മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. ഉടൻ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അരുൺ കെ. വിജയനെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. പിപി ദിവ്യയുടെ പരാമർശങ്ങളെക്കുറിച്ച് കളക്ടർ ഇടപെടാതിരുന്നത് ഞെട്ടിച്ചെന്നും കളക്ടർക്കും ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന് സംശയിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി നൽകിയത്. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന് ദിവ്യയുടെ വാദവും ജീവനക്കാർ തള്ളി.