യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്. 1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ടെന്നും, ആകെ 12,000ത്തോളം സൈനികരെ റഷ്യയിലേക്ക് അയയ്‌ക്കാനാണ് ഉത്തരകൊറിയ തീരുമാനിച്ചിരിക്കുന്നതെന്നും ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയ്‌ക്ക് പിന്തുണയുമായി ഉത്തരകൊറിയയുടെ പതിനായിരത്തോളം സൈനികർ യുദ്ധത്തിന്റെ ഭാഗമായി മാറുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്ന് അറിയാൻ സാധിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി നേരത്തെ ആരോപിച്ചിരുന്നു. പിന്നാലെയാണ് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായെന്ന് ദക്ഷിണ കൊറിയ ചൂണ്ടിക്കാണിച്ചത്. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്നും, സാധ്യമായ എല്ലാ നടപടികളും ഇതിനെതിരെ സ്വീകരിക്കണമെന്നും നാഷണൽ ഇന്റലിജൻസ് സർവീസിന്റെ യോഗത്തിൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൻ സുക് യോൾ പറഞ്ഞു.
ഉത്തരകൊറിയയുടെ സൈനികർ പരിശീലനത്തിന്റെ ഭാഗമായി റഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ എത്തിയതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുക്രെയ്‌നുമായുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷം ഉത്തരകൊറിയയിൽ നിന്നും റഷ്യയിലേക്ക് ആയുധങ്ങൾ ഉൾപ്പെടെയുള്ള സൈനിക സഹായങ്ങൾ കൈമാറിയിരുന്നു. ബാലിസ്റ്റിക് മിസൈലുകളും, ആന്റി ടാങ്ക് റോക്കറ്റുകളും ഉൾപ്പെടെയുള്ളവ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ റഷ്യയ്‌ക്കായി ഉത്തരകൊറിയ കൈമാറിയിട്ടുണ്ട്.















