കണ്ണൂർ: എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ ഒടുവിൽ പ്രതികരിച്ച് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവരുമായി അന്വേഷിക്കാമെന്നും കണ്ണൂർ കളക്ടർ പറഞ്ഞു. താൻ പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന് മുമ്പാകെ കളക്ടർ മൊഴി നൽകി.
അന്വേഷണം നടക്കുന്ന വിഷയമായതിനാൽ മറുപടി പറയാനില്ല. കുടുംബത്തിന് നൽകിയ കത്ത് കുറ്റസമ്മതമല്ലെന്നും അനുശോചന കുറിപ്പാണെന്നും കളക്ടർ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ക്ഷണിക്കപ്പെടാത്ത ചടങ്ങിലെത്തി വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ധാർഷ്ഠ്യത്തോടെ ഇറങ്ങി പോയ പിപി ദിവ്യ തടയാൻ പോലും കളക്ടർ തയ്യാറായില്ലെന്ന ആദ്യഘട്ടം മുതൽക്കേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നവീൻ ബാബുവിന്റെ കുടുംബവും കളക്ടർക്കെതിരെ രംഗത്ത് വന്നിരുന്നു.
പ്രശാന്തന്റെ പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യപങ്ക് കളക്ടർക്കുണ്ടെന്നാണ് കരുതുന്നതെന്നാണ് നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ പറഞ്ഞത്. സംസ്കാര ചടങ്ങിൽ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെയാണെന്നും കൊലയ്‌ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും ഞങ്ങൾക്ക് കേൾക്കേണ്ടെന്നും അമ്മാവൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അന്വേഷണചുമതലയിൽ നിന്ന് കളക്ടറെ നീക്കിയിരുന്നു.