മോസ്കൊ: റഷ്യയിൽ ബോളിവുഡ് സിനിമകൾക്ക് മികച്ച സ്വീകാര്യതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യക്കാർ ഭൂരിഭാഗവും ബോളിവുഡ് സിനിമകളുടെ ആരാധകരാണ്. ഇന്ത്യൻ സിനിമാ വ്യവസായത്തിന് റഷ്യൻ വിപണിയിലുള്ള സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കും. ഇതിനായി വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തുമെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
മറ്റേത് ബ്രിസ്ക് രാജ്യങ്ങളിലെയും വിനോദ പരിപാടികളെക്കാൾ റഷ്യയിൽ പ്രചാരം കൂടുതലുള്ളത് ഇന്ത്യൻ സിനിമകൾക്കാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഷ്യയിൽ ബോളിവുഡ് സിനിമകൾ സംപ്രേഷണം ചെയ്യാൻ വേണ്ടി പ്രത്യേകം ടിവി ചാനലുകളുണ്ട്. അവയിൽ 24 മണിക്കൂറും ഇന്ത്യൻ സിനിമകൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്.
സിനിമാ നിർമ്മാണവും ഫിലിം ഇൻഡസ്‌ട്രിയും സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്. അത് കൃത്യമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ തങ്ങളുടെ വിപണിയെ സംരക്ഷിക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പുടിൻ പറഞ്ഞു. ഇന്ത്യയിലെ ഫിലിം മേക്കേഴ്സിന് റഷ്യയിൽ അവസരങ്ങൾ തുറന്നുകൊടുക്കാൻ തയാറാണെന്നും ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി റഷ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യങ്ങൾ ചർച്ചചെയ്യുമെന്നു വ്ലാഡിമിർ പുടിൻ പറഞ്ഞു.
ഒക്ടോബർ 22-23 തീയതികളിൽ റഷ്യയിലെ കാസനിൽ വച്ച് നടക്കുന്ന 16 മത് ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ഈ വർഷം നടന്ന മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളിലെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു.















