ന്യൂഡൽഹി: ഭക്ഷണത്തിൽ തുപ്പുകയോ മാലിന്യം കലർത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. മാലിന്യം കലർത്തി ഭക്ഷണം പാകം ചെയ്യുകയോ ഭക്ഷണത്തിൽ തുപ്പി വിതരണം ചെയ്യുകയോ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റവാളികൾക്ക് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനം എസ് ഒ പി (Standard Operating Procedure) പുറപ്പെടുവിച്ചിട്ടുണ്ട്. എക്‌സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായം തുടങ്ങിയ മേഖലകളിൽ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താനാണ് ഉത്തരാഖണ്ഡ് സർക്കാർ പുതിയ ഭക്ഷ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഉത്സവ സീസൺ ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് നടപടി. മുഖ്യമന്ത്രി ധാമിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എസ്ഒപി) പുറത്തിറക്കിയത്. ഹോട്ടലുകൾ, റസ്‌റ്റോറൻ്റുകൾ, ധാബകൾ, ഭക്ഷണശാലകൾ, ഇറച്ചി വ്യാപാരികൾ എന്നിവ നടത്തുന്നവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാണിക്കുന്നതും മായം ചേർക്കുന്നതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ.
ഭക്ഷണ പാനീയങ്ങളിൽ മനുഷ്യവിസർജ്യവും മാലിന്യവും കലർത്തുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്ന സമയത്ത് പുകവലിക്കുക, തുപ്പുക, ശരീരഭാഗങ്ങളിൽ മാന്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നത് അനാരോഗ്യകരമാണെന്നും ഇത്തരം ശീലങ്ങൾ നിയന്ത്രിക്കേണ്ടതാണെന്നും സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ ഊന്നിപ്പറയുന്നു.















