വാഷിംഗ്ടൺ: സമ്പന്നരായ ദമ്പതികൾക്ക് തങ്ങളുടെ ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ (ഭ്രൂണം) IQ പരിശോധിക്കുന്ന സേവനം വാഗ്ദാനം ചെയ്ത് യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി. ഹെലിയോസ്പെക്റ്റ് ജെനോമിക്സ് എന്ന കമ്പനിയാണ് ഏറെ വിവാദമായി മാറിയിരിക്കുന്ന ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഐവിഎഫിന് വിധേയരായ ഏകദേശം 12 ഓളം ദമ്പതികളുമായി ചേർന്ന് ഇവർ പ്രവർത്തിച്ചതായാണ് റിപ്പോർട്ടുകൾ.
ഏകദേശം 50,000 ഡോളർ അഥവാ 42 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ IQ പരിശോധിക്കാനുള്ള ചിലവ്. ഇത്തരത്തിൽ 100 ഓളം ഭ്രൂണങ്ങൾ പരിശോധിച്ച് മികച്ച IQ പോയിന്റുകളുള്ള കുഞ്ഞുങ്ങളെ ദമ്പതികൾക്ക് തെരഞ്ഞെടുക്കാനായിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഹോപ്പ് നോട്ട് ഹേറ്റ് എന്ന കാമ്പെയ്ൻ ഗ്രൂപ്പിന്റെ രഹസ്യ വീഡിയോ റെക്കോർഡിംഗുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
അതേസമയം ഇത് നിരവധി ധാർമിക പ്രശ്നങ്ങൾ ഭാവിയിൽ സൃഷ്ടിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ജീനോം എഡിറ്റിംഗ് ഉൾപ്പെടയുള്ള മനുഷ്യ സ്വഭാവ സവിശേഷതകളെ രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ സാമൂഹിക അസമത്വങ്ങൾക്ക് കരണമായേക്കാമെന്നാണ് അവരുടെ വിലയിരുത്തൽ.