കടൽതീരത്ത് പ്രത്യക്ഷപ്പെടുന്ന അജ്ഞാത വസ്തുക്കൾ പരത്തുന്ന ഭീതി ചില്ലറയൊന്നുമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്നടിയുന്ന പല വസ്തുക്കളും ഇതിലുണ്ടാകാം. എന്നാൽ മറ്റ് ചിലതാകട്ടെ സ്പർശിക്കുന്നവരുടെ ജീവൻ വരെ കവർന്നേക്കാം. അതിനാൽ അപരിചിതമായ എന്തും അസാധാരണമായ രീതിയിൽ തീരത്ത് വന്നടിയുമ്പോൾ ഭരണകൂടം പ്രത്യേക ശ്രദ്ധപുലർത്തുന്നത് പതിവാണ്.
അടുത്തിടെ കടൽതീരത്ത് വന്നടിഞ്ഞത് കറുത്ത ഉണ്ടകളായിരുന്നു. ഗോൾഫ്-ബോളിന്റെ വലിപ്പമുള്ള ഈ ഉണ്ടകൾ ഒറ്റനോട്ടത്തിൽ വിചിത്രവുമാണ്. എന്താണെന്ന് മനസിലാക്കാൻ തീരദേശവാസികൾക്ക് കഴിഞ്ഞില്ല. മണിക്കൂറുകൾ കഴിയുന്തോറും ഉണ്ടകൾ വന്നടിയുന്നതിന്റെ എണ്ണവും കൂടി. ആയിരക്കണക്കിന് കറുത്ത-ബോളുകൾ തീരം തേടിയെത്തി. ഇതെന്ത് പ്രതിഭാസമെന്നറിയാതെ ആളുകൾ കുഴഞ്ഞു. ദിനംപ്രതി ഉണ്ടകളുടെ വരവും കൂടിയതോടെ മേഖലയിലെ എട്ട് ബീച്ചുകൾ അടച്ചു. സഞ്ചാരികളെ പൂർണമായും വിലക്കി. സിഡ്നിയിലെ തീരമേഖലയിലണ് അപൂർവമായ പ്രതിഭാസം കഴിഞ്ഞ ദിവസം നടന്നത്. ലോകപ്രസിദ്ധ ബീച്ചായ Bondi അടക്കം കറുത്ത ഉണ്ടകൾ കാരണം അടച്ചിരുന്നു. മുൻകരുതലോടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു.
പരിസ്ഥിതി സുരക്ഷാ സമിതിയുടെ കണ്ടെത്തൽ പ്രകാരം ഈ ഉണ്ടകൾ അപകടകാരിയല്ലെന്ന് തിരിച്ചറിഞ്ഞു. ഫാറ്റി ആസിഡ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, മറ്റ് രാസവസ്തുക്കൾ എന്നിവയുടെ സംയുക്തമാണ് ഈ ഉണ്ടകൾ. കടലിൽ അടിഞ്ഞുകൂടുന്ന ഇത്തരം മാലിന്യങ്ങൾ ഇന്ധനവുമായി കൂടിക്കുഴഞ്ഞാണ് കറുത്ത ബോൾ രൂപത്തിലാകുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് മാരിടൈം എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്ക് ഹച്ചിംഗ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇവ പ്രശ്നക്കാരനല്ലെങ്കിലും അവയിൽ സ്പർശിക്കുന്നത് നല്ലതല്ല. അതിനാൽ ആരും അവയിൽ തൊടരുതെന്ന് ഭരണകൂടം നിർദേശം നൽകി. എന്നാൽ എവിടെ നിന്നാണ് ഈ ഉണ്ടകൾ ഒഴുകിയെത്തിയതെന്നും ഉണ്ടകളുടെ ഉത്ഭവം എവിടെയാണെന്നും കണ്ടെത്താനായിട്ടില്ല. അതിനായി പരിശോധനയും ഗവേഷണവും തുടരാനാണ് അധികൃതരുടെ തീരുമാനം.
സീഡ്നിയിലെ ബീച്ചുകൾ പൊതുവെ വളരെ ജനപ്രീതിയുള്ളവയാണ്. സ്വർണ നിറമുള്ള മണലുകളും ശുദ്ധമായ വെള്ളവും നിരവധി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാറുണ്ട്. അവിടെയാണ് ആയിരക്കണക്കിന് കറുത്ത ഉണ്ടകൾ പ്രത്യക്ഷപ്പെട്ട് പരിഭ്രാന്തിയുണ്ടായത്.