റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഐഇഡി പൊട്ടിത്തെറിച്ച് ഐടിബിപി ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകൾ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. അബുജ്മാദ് ഏരിയയിലെ കോഡിലിയാർ ഗ്രാമത്തിലാണ് സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഐഇഡി ആക്രമണത്തിന് ഇരയായത്.
ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ട് പൊലീസുകാരുടെ നില തൃപ്തികരമാണെന്നാണ് വിവരം. മഹാരാഷ്‌ട്രയിലെ സതാര സ്വദേശിയായ അമർ പൻവർ (36), കർണാടകയിലെ കഡപ്പ സ്വദേശിയായ കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരും ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായിരുന്നു.
ഛത്തീസ്ഗഡിലെ മൊഹന്ദി, ഇരക്ഭട്ടി, ഓർച്ച ഏരിയകളിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും ബിഎസ്എഫും ഐടിബിപി ഉദ്യോഗസ്ഥരും ചേർന്നായിരുന്നു നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയത്. ഇതിന് ശേഷം മടങ്ങി വരികയായിരുന്ന പട്രോളിംഗ് സംഘം സഞ്ചരിച്ച വാഹനം ഐഇഡി പൊട്ടിത്തെറിച്ച് തകർന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയായിരുന്നു.