പാലക്കാട്: പാലക്കാടിന്റെ വികസനത്തിനായൊരു വോട്ട് എന്നതാണ് ബിജെപി മുന്നോട്ട് വയ്‌ക്കുന്ന സന്ദേശമെന്ന് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പാലക്കാട്ടുകാർക്ക് ലഭിക്കേണ്ട നിരവധി വികസനങ്ങൾ ഇല്ലാതാക്കി. പോസിറ്റീവ് പൊളിറ്റിക്സാണ് ഇത്തവണ ബിജെപി പാലക്കാട്ടെ ജനങ്ങൾക്ക് മുൻപിൽ വെയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കൃഷ്ണകുമാർ.
NDA യെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സമയമാണ്. മറ്റ് രണ്ടു പാർട്ടികളെയും മറികടന്ന് മൂന്നാമത്തെ ശക്തിയുടെ സാന്നിധ്യമാകും. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാട്. സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ടു ദിവസം വൈകി എന്നത് ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ല. ഇനിയുള്ള ദിവസങ്ങൾ ബഹുദൂരം മുന്നേറും. ഒറ്റക്കെട്ടായി പ്രവർത്തനം ഉണ്ടാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു. ജനിച്ചു വളർന്ന നാടാണ് പാലക്കാട്. അത് പ്രചരണങ്ങളിൽ ഗുണം ചെയ്യുമെന്നും ബിജെപിക്ക് ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ബിജെപി പ്രഖ്യാപിച്ചത്. പാലക്കാട് സി കൃഷ്ണകുമാർ മത്സരിക്കാനിറങ്ങുമ്പോൾ വയനാട് നവ്യ ഹരിദാസും ചേലക്കര കെ ബാലകൃഷ്ണനുമാണ് ബിജെപി സ്ഥാനാർത്ഥികൾ.