വയനാട്: വീണ്ടും തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുകയാണ് വയനാട്. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ബിജെപി കൂടി പ്രഖ്യാപിച്ചതോടെ ചിത്രം വ്യക്തമായി കഴിഞ്ഞു. റായ്ബറേലിയിലെ സീറ്റ് നിലനിർത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി രാഹുൽ വയനാട് കൈവിട്ടതോടെയായിരുന്നു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സഹോദരി പ്രിയങ്കയെ ഇറക്കാൻ പോവുകയാണെന്ന് അന്നേ കോൺഗ്രസ് തീരുമാനിച്ചു. സിപിഐ സ്ഥാനാർത്ഥിയായി സത്യൻ കൊമേരിയും എത്തി. ഒടുവിൽ തങ്ങളുടെ ശക്തമായ സാന്നിധ്യമറിയിക്കാൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയും. മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുക.
കോഴിക്കോട് കോർപ്പറേഷൻ ബിജെപി പാർലമെന്ററി പാർട്ടി നേതാവും കാരപ്പറമ്പ വാർഡ് കൗൺസിലറുമാണ് നവ്യ. ബി.ടെക് ബിരുദധാരിയായ ഇവർ തൊഴിൽപരമായി സോഫ്റ്റ്വെയർ എൻജിനീയറാണ്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചായിരുന്നു നവ്യയുടെ രാഷ്‌ട്രീയ പ്രവേശനം. കോഴിക്കോട് കോർപ്പറേഷനിലെ 69-ാം വാർഡിൽ ബിജെപിയുടെ ആദ്യ വിജയം (120 വോട്ടിന്) സ്വന്തമാക്കിയതും നവ്യയാണ്. കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് രണ്ട് തവണ കൗൺസിലറായിട്ടുള്ള നവ്യ കഴിഞ്ഞ തവണ കോഴിക്കോട് സൗത്ത് നിയമസഭയിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു.
വിവാഹിതയാണ്. സിംഗപ്പൂരിൽ ഓഡിറ്റർ ആയി ജോലി ചെയ്യുന്ന ഷോബിൻ ശ്യാമാണ് ഭർത്താവ്. സാത്വിക് ഷോബിൻ, ഇഷാന ഷോബിൻ എന്നിവർ മക്കളാണ്.















