കോഴിക്കോട്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി. പത്തനംതിട്ടയിൽ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.
ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ സംശയം പ്രകടിപ്പിച്ചതോടെ കോഴിക്കോട് അരീക്കോട് പൊലീസ് സ്റ്റേഷനിൽ വാഹനം എത്തിച്ചു പരിശോധന നടത്തി. എന്നാൽ മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചതോടെ വാഹനം വിട്ടയക്കുകയായിരുന്നു. മർദ്ദനത്തിനിടെ മറ്റ് യാത്രക്കാർ പിടിച്ചുമാറ്റുകയായിരുന്നു.
യാത്രക്കാരൻ അസഭ്യം പറഞ്ഞുവെന്നാണ് ഡ്രൈവറുടെ ആരോപണം. എന്നാൽ യാത്രക്കാർ ഇത് നിഷേധിച്ചു. യാത്ര മുടങ്ങിയാൽ മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വാഹനം വിട്ടയച്ചത്.
കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആവർത്തിച്ച് നിർദ്ദേശിക്കുന്നതിനിടെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.